അക്ഷരങ്ങൾ തേടി...


2022 മെയ് 23. ഒരു ഞായറാഴ്ച ദിവസം. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി പുത്തൻ ശുഭ്ര വസ്ത്രങ്ങളണിഞ്ഞ് വീട്ടുകാരോട് സലാം പറഞ്ഞ് ഞങ്ങൾ പടിയിറങ്ങി. ഒരു പുതിയ വീട്ടിലേക്ക്. അറിവിന്റെ മധുതേൻ നുകരാൻ, വിജ്ഞാനത്തിന്റെ പൂങ്കാവനത്തിൽ ഒരു ചിത്രശലഭത്തെപ്പോലെ പാറി നടക്കാൻ.
രാവിലെ ഒമ്പത് മണിക്ക് പൊന്നുപ്പയുടെ ചൂണ്ടുവിരലും പിടിച്ച് ദാറുൽ ഇർഫാൻ ഇസ്ലാമിക് അക്കാഡമിയുടെ അക്ഷരമുറ്റത്തേക്ക് ഞങ്ങൾ ബിസ്മില്ലാഹി ചൊല്ലി കാലെടുത്തുവെച്ചു. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപനം, വെള്ളുവങ്ങാട് ദേശത്ത് തലയുയർത്തി നിൽക്കുന്ന അറിവിന്റെ കൊട്ടാരം. പ്രകൃതി രമണീയമായ പരിസരം. അവിടെ ഞങ്ങളെ വരവേൽക്കാൻ സ്നേഹപ്പൂക്കളും കയ്യിൽ പിടിച്ച് കാത്തുനിൽക്കുന്ന ജേഷ്ഠസഹോദരർ. ഒപ്പം നൃത്തം വെക്കുന്ന മയിലും. എല്ലാം ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി.
പത്ത് മണിക്ക് ശൈഖുനാ വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി ഉസ്താദ് ക്ലാസ്സുദ്ഘാടനം നിർവഹിച്ചു. ആത്മീയ നവോന്മേഷം സമ്മാനിക്കുന്ന നസ്വീഹത്തും പകർന്നു തന്നു. ശേഷം രക്ഷാകർതൃ യോഗമായിരുന്നു. കോളേജിന്റെ പ്രിയപ്പെട്ട പ്രിൻസിപ്പാൾ ഉസ്താദ് അബ്ദുന്നാസിർ ഹുദവിയുടെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിയോടെ യോഗത്തിന് വിരാമമായി.
ശേഷം ഉച്ചഭക്ഷണം കഴിച്ച് ഞങ്ങളുടെ പ്രിയം നിറഞ്ഞ രക്ഷിതാക്കൾ ക്യാമ്പസ് വിട്ടു. സ്നേഹമസൃണരായ ഉസ്താദുമാരായിരുന്നു പിന്നീട് ഞങ്ങളുടെ ഉമ്മമാരും ഉപ്പമാരും.
ഇവിടെ ഞങ്ങൾ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചു. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലൂടെ സാഹസഞ്ചാരം നടത്തി. വിദ്യയുടെ തേനാറുകൾ ഒഴുകുന്ന ഒത്തിരിയൊത്തിരി കിതാബുകളിലൂടെ ഞങ്ങൾ യാത്ര തുടങ്ങി. USRA (Union for Sincere and Rejuvenated Activities) എന്ന ക്ലാസ് സംഘടനയുടെ കീഴിൽ സംഘടിതമായി, ഇമ്പമുള്ള ഒരു കുടുംബമായി ഇന്നും ഞങ്ങൾ യാത്ര തുടരുന്നു. സഫലമാകട്ടെ ഈ യാത്ര... ആമീൻ യാ റബ്ബൽ ആലമീൻ.

Comments

Post a Comment

Popular posts from this blog

FRIEND